Tuesday, May 23, 2017

മദ്യം വിഷം, മദ്യനയം വിഷമയം ...


മദ്യം വിഷം, മദ്യനയം വിഷമയം ...

ഇടതും വലതും മാറി മാറി ഭരിച്ചു മുടിച്ച കേരളത്തിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ് കള്ളുവില്പ്പന തന്നെയാണ്. സുപ്രീംകോടതിയുടെ പാതയോര മദ്യവില്‍പ്പന വിധിയെ മറ്റു സംസ്ഥാനങ്ങള്‍ അവസരോചിതമായി നേരിട്ടപ്പോള്‍, വിധി കേരളത്തിന്‍റെ സാമ്പത്തിക നില തകരാറിലാക്കി, ശമ്പളവും പെന്‍ഷനും പോലും നല്‍കാനാവാതെ കേരളസര്‍ക്കാര്‍ നിയമം മറികടക്കാന്‍ കുറുക്കുവഴി തേടുന്ന ഒരു സ്ഥിതിവിശേഷമുണ്ടായി.
ഘട്ടംഘട്ടമായി മദ്യനിരോധനം ലക്ഷ്യമിട്ടിരുന്ന UDF സര്‍ക്കാര്‍ കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതും; നിരോധനമല്ല വര്‍ജനമാണ് നയം എന്ന് ആണയിടുന്ന LDF സര്‍ക്കാര്‍, ബിയര്‍ മദ്യമല്ല എന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും ജനങ്ങളെ വിഡ്ഢികളാക്കി ഭരണം നില നിറുത്തുന്നതിന്‍റെ ഭാഗമായിരുന്നു. ഇന്നത്തെ അവസ്ഥയില്‍ മദ്യവരുമാനമില്ലാതെ കേരളത്തിന്‍റെ സമ്പദ് രംഗം തകരും. അതുകൊണ്ടുതന്നെയാണ്, മലയാളിയുടെ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനു വേണ്ട ക്രിയാത്മകമായ നടപടികളെടുക്കുന്നതില്‍ ഇരുകൂട്ടരും അസമര്‍ത്ഥരാവുന്നത്. കേരള സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ നിര്‍ദേശവും ഇവരുടെ കപട മദ്യ നയത്തെ ഒരിക്കല്‍ക്കൂടി ബലപ്പെടുത്തുന്നു.
ഇരു കക്ഷികളുടെയും നയങ്ങള്‍ക്ക് സത്യസന്ധത ഉണ്ടായിരുന്നെങ്കില്‍ നിയമത്തെ മറികടക്കാന്‍ കുറുക്കുവഴികള്‍ തേടാതെ, ഇങ്ങനെയുള്ള വിധികള്‍ ഒരവസരമാക്കിമാറ്റി ജനങ്ങളോടൊപ്പം നില്‍ക്കുകയായിരുന്നു അഭിലഷണീയം. ഇരുകൂട്ടരുടെയും മദ്യനയങ്ങളെ സര്‍വകക്ഷികളിലെയും പുരുഷകേസരികള്‍ സഹര്‍ഷം സ്വാഗതം ചെയ്യുമ്പോള്‍, ഈ അനീതിക്കെതിരെ കേരളത്തിലെ വനിതകളോ അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളോ മുന്നോട്ടുവരുന്നില്ല എന്നത് സ്ത്രീസമത്വം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നു എന്ന് ചങ്കൂറ്റം കൊള്ളുന്ന മലയാളി സ്ത്രീകള്‍ സത്യത്തില്‍ സ്വതന്ത്രരാണോ എന്നു ശയിക്കേണ്ടിയിരിക്കുന്നു.

പോസ്റ്റിന് ആധാരമായ വാര്‍ത്ത  മാതൃഭൂമിയില്‍:
http://www.manoramaonline.com/news/just-in/2017/05/20/06-chn-excise-on-petty-case.html
എന്‍റെ FB പോസ്റ്റിലേക്കുള്ള ലിങ്ക്: https://www.facebook.com/cheenachanv/posts/10213424323748040