"ശ്രീകരം ഭവിക്കണമെനിക്കു ശ്രീപതേ വിഭോ!
ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം!!"
ഞങ്ങളുടെ വീട്ടില്‍ അമ്മയ്ക്ക് മുടങ്ങാതെ സന്ധ്യാനാമം പാരായണം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഭക്തിപുരസ്സരം, നല്ല ഈണത്തിലും, ഇമ്പമുള്ള ശൈലിയിലുമാണ് അമ്മയുടെ പാരായണം. മക്കള്‍ ഞങ്ങള്‍ അഞ്ചുപേരും ഉമ്മറത്ത്, ചമ്രം പടിഞ്ഞ്, കൂടെത്തന്നെയിരുന്നു തൊഴുകൈകളോടെ പല്ലവി ഏറ്റു ചൊല്ലണമെന്നത് അമ്മയ്ക്കു നിര്‍ബന്ധമുള്ള ഒരു ചട്ടമാണ്. സന്ധ്യാനാമം മുഴുവനായി ഹൃദിസ്ഥമാക്കിയിരുന്ന അമ്മ, വളരെ ധ്യാനനിരതയായിട്ടാണ് വായനയില്‍ മുഴുകാറ്. അതുകൊണ്ടുതന്നെ വായനയ്ക്കിടെയുള്ള ഞങ്ങള്‍ കുട്ടികളുടെ വികൃതിത്തരങ്ങള്‍ അമ്മ അറിയുമായിരുന്നെങ്കിലും ഗൌനിക്കാറില്ലായിരുന്നു.
സാറ്റലൈറ്റ് ടീവിയും, സ്മാര്‍ട്ട് മൊബൈലുകളും പ്രചാരത്തിലില്ലാതിരുന്ന ഞങ്ങളുടെ ബാല്യകാലത്ത്, ദിവസേന സന്ധ്യാസമയം അമ്മയോടൊപ്പമുള്ള രാമകഥാപാരായണം ഞങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ദിനചര്യമാത്രമായിരുന്നില്ലാ, മറിച്ച് തീര്‍ഥാടന തുല്യമായ ഒരഭനുവം കൂടിയായിരുന്നു.
കുലദൈവങ്ങള്‍ കുടിയിരിക്കുന്ന കോവിലും, കുളവും സര്‍പ്പക്കാവും, ഫലവൃക്ഷാദിങ്ങളും എന്തിനേറെ, പൂന്തോപ്പുവരെ തൊടിയില്‍ത്തന്നെ ഉണ്ടായിരുന്ന ഞങ്ങളുടെ ബാല്യകാലത്ത് കുട്ടികള്‍ക്ക് യഥേഷ്ടം മരം കേറാനും, മാങ്ങപറിക്കാനും പൂമ്പാറ്റയെ പിടിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ഹോംവര്‍ക്ക് തരാത്ത അദ്ധ്യാപകര്‍ ഞങ്ങള്‍ക്ക് കളിക്കാനും, തല്ലുപിടിക്കാനുമുള്ള അവസരവും പ്രദാനം ചെയ്തിരുന്നു. അതുകൊണ്ടൊക്കെത്തന്നെയാവണം, സന്ധ്യ മയങ്ങുമ്പോഴേക്കും ഞങ്ങള്‍ കുട്ടികള്‍ക്കു നല്ല വിശപ്പുമുണ്ടാകുമായിരുന്നു.
സ്മാര്‍ട്ട് ടീവിയും, പോക്കറ്റ് ഇന്‍റര്‍നെറ്റും പ്രചാരത്തിലില്ലാതിരുന്ന ഞങ്ങളുടെ കുട്ടിക്കാലത്ത്, അമ്മായമ്മ-മരുമകള്‍ സീരിയലുകളും അന്തിച്ചര്‍ച്ചകളും നമ്മുടെ സ്വീകരണമുറികളെ ഇനിയും കലുഷിതമാക്കിയിട്ടില്ലാതിരുന്ന ഒരുകാലമായിരുന്നതുകൊണ്ടാകാം, ഞങ്ങളുടെ സന്ധ്യകള്‍ ശാന്തമായിരുന്നു, ഗംഭീരവും. രാത്രി എട്ടുമണിയോടെ ഞങ്ങള്‍ ഗ്രാമവാസികള്‍ അത്താഴം കഴിച്ചുറങ്ങാനൊരുങ്ങുക വളരെ സാധാരണവും.
അമ്മയുടെ പാരായണം, പ്രത്യേകിച്ച് "ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം" എന്ന വരിയിലെത്തുമ്പോള്‍, ഞാനൊന്നു മെല്ലെ തലയുയര്‍ത്തി തെല്ലഹങ്കാരത്തോടെതന്നെ എല്ലാവരെയുമൊന്നു വീക്ഷിയ്ക്കും, കാരണം 'ശ്രീനീ'ധിയുള്ളത് ശ്രീനിവാസന്‍റെ പേരില്‍ മാത്രമായിരുന്നല്ലോ!
-- ശ്രീനിവാസന്‍
സന്ധ്യാനാമത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ലിങ്ക് ചുവടെ:

No comments:
Post a Comment